ഹിഡിംബി
‘കൊന്നുതിന്നിടുക!’ യെന്നുകേട്ടുടനെ യോടിവന്നവളു, കണ്ടതോ,
ഭീമരൂപനൊരു സുന്ദരൻ, പ്രബല വീരനാം യുവകുമാരനെ!
കണ്ടമാത്രയിലനംഗതാപമൊടു പൂത്തുലഞ്ഞു പുതുമേനിയും,
കൊങ്കയും കടിയുമൊന്നുപോലിളകി വന്നു, കൊഞ്ചിയഴകോടവൾ
ആരുനീ? തരുണ സുന്ദരീ, തനിയെ കാനനേ മരുവു നിർഭയം,
മാരരൂപമൊഴി കേട്ടതും സുഭഗ ചൊന്നുനാമമതുലജ്ജയാൽ,
പിന്നെ, വെന്തനരമാംസമെന്റെസഹജാതനിഷ്ടമതിനാലവൻ
കൊന്നിടും സകലരേയുമെന്നറിക ധീരനാം മനുജ, ഗൗരവം.
ആധിപോലവനുതോന്നിയെങ്കിലതുകാട്ടിടാതെകരപേശിയാൽ
സാധ്യമാണുജയമോർത്തു, ബാലചപലങ്ങളായചെറു വീമ്പുകൾ
കേമനായിപറയുന്നനേരമതു കേട്ടിരിക്കെയവളാഞ്ഞു വൻ-
പ്രേമമോടധരചുംബനംചടുലമേകി, പൂവിലൊരു വണ്ടുപോൽ
വന്യമാം നിബിഡകാനനം, പുതുനിലാവലിഞ്ഞു മൃദുശയ്യയായ്
ജ്വാലപോലവരു ശോഭിതം പവനനഗ്നിയിൽ നിറയുമെന്നപോൽ.
ബന്ധമാദനമനന്തരം യുവകുമാരനും ക്ഷണമുറങ്ങവേ
കണ്ടവൾ, തൃണസമം മരം പിഴുതു വന്നിടുന്നസഹജാതനെ
കാട്ടിൽകിട്ടിയപൊണ്ണനാമിവനെനീ, ലാളിച്ചുറക്കുന്നുവോ?
പൊട്ടിപ്പെണ്ണുകണക്കൊരീയിരയെ നീ, തിന്നാതെകാമിച്ചുവോ?
തട്ടേണം,നറുമാംസമുണ്ടിവനിലായ്, രണ്ടാഴ്ചസദ്യക്കഹോ!
വെട്ടിക്കൊല്ലുവതിന്നുടൻ, വരുകയായ്, രാത്രിഞ്ചരൻ, ഭീകരൻ!
പൊക്കോണം, കഴുവേറി നീ വെറുതെയെൻ, മെക്കിട്ടുകേറാതുടൻ
കക്കീടും തവമാതൃദുഗ്ധമഖിലം, വീക്കൊന്നുതന്നീടുകിൽ
മൂക്കറ്റംവരെ തിന്നുവാൻ തവവിധം ചക്കപ്പഴം തന്നെടാ
ഒക്കില്ലാ തൊടുവാൻ,നിനക്കിവനെയെ,ന്നൂക്കോടെ ചൊന്നാനവൾ
ദേഷ്യത്താൽകൊന്നിടാനായ് വരുമവനെയവൾ കാലുയർത്തിച്ചവിട്ടിൽ,
മേലോട്ടായ് പൊങ്ങിടുമ്പോളവനരികിലതാ ദൃശ്യമായ് ചന്ദ്രബിംബം!
പൊക്കത്തിൽനിന്നുവീഴ്കേ, ധരണിയിളകിടും ശക്തമാമോച്ചയോടായ്
പൊട്ടിപ്പോയുച്ചിയപ്പോൾ, നിണമൊഴുകിയുടൻ, ചത്തുപോയാപിശാചും
ശബ്ദത്താൽനിദ്രയുംപോയ്, ധരണിപിളരുമാ കാഴ്ചകണ്ടത്ഭുതത്താൽ
“നീയോ?”യെന്നോതിടുമ്പോ, ളവനെയവളുടൻ പ്രേമമോടുമ്മവെച്ചു.
‘നീയാണെൻ പ്രാണനാഥൻ” നിറമിഴികളുമാ, യോമലാൾ ചൊന്നിടുമ്പോൾ
ജീവിക്കാൻ കൂട്ടിനായീ,യതിബലവതി തന്നെന്നവൻ നിശ്ചയിച്ചു.
കാടുവാണിരുവരേറെനാൾ, സ്മൃതിയിലാണ്ടുപോയരചധർമ്മവും
‘പ്രേമഭാജ്യതവരാജ്യമാണുടനെ പോകണം തിരികെ നേടുവാൻ’
അമ്മയും സഹജരുംസദാകഥനമായതിൽ,, വിഷമമോടവൻ
ആവതില്ലിവളെ വിട്ടുപോവതിനുചൊന്നതും പതറിയേവരും
‘ബാഹ്യമായടവിശാന്തമെങ്കിലുമനർത്ഥമാണധിക മന്തരേ
ആകയാൽ വിരഹിയെങ്കിലും മറികടപ്പുഞാനുമതിജീവനാൽ
പോയി നീയുടനെനേടണം ചതിയിലൂടവർ കലിത രാജ്യവും’
ധീരയായവളു ചൊല്ലവേ അവനലിഞ്ഞുപോയ് പ്രണയമശ്രുവിൽ